പുലിപ്പല്ല് കേസ്: വേടന്‍ എതിരായ കുറ്റത്തിന് ഏഴു വർഷം വരെ തടവ് ലഭിക്കാം - വനംമന്ത്രി എ.കെ. ശശീന്ദ്രൻ
കൊച്ചി: റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്കെതിരായ പുലിപ്പല്ല് കേസിൽ നിയമനടപടികളുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വേടനെതിരെ ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയതായി മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുലിപ്പല്ല് ആരാണ് നൽകിയത് എന്നത് വേടൻ തന്നെ കോടതിയിൽ തെളിയിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ലഹരിയുമായി ബന്ധപ്പെട്ട് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന റെയ്ഡിനിടെയാണ് വേടന്‍ ഉള്‍പ്പെടയുള്ളവരെ കസ്റ്റഡിയിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചത്. ആ ഘട്ടത്തില്‍ കൈവശം ഉണ്ടായിരുന്ന ചെയിനില്‍ പുലിപ്പല്ല് ഉള്ളക്കാര്യം പൊലീസാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്ത ശേഷം വേടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിക്കും. ശിക്ഷാനടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് കോടതിയാണ്. വേടന്റെ മൊഴിയനുസരിച്ച്, പുലിപ്പല്ല് രഞ്ജിത്ത് എന്നയാൾ ചേന്നൈയിൽ വെച്ചാണ് കൈമാറിയതെന്നും, രഞ്ജിത്ത് മലേഷ്യയിൽ സ്ഥിരതാമസക്കാരനാണെന്നും പറയുന്നു. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. പുലിപ്പല്ല് കഴിഞ്ഞ വർഷമാണ് കൈമാറ്റം ചെയ്തതെന്ന് വേടൻ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എക്സൈസ് റെയ്ഡിനിടെ വേടനും സഹപ്രവർത്തകരും പ്രാക്ടീസ് ചെയ്യുന്ന ഫ്‌ലാറ്റിൽ നിന്ന് കഞ്ചാവ്, 9.5 ലക്ഷം രൂപ, മൊബൈൽ ഫോണുകൾ എന്നിവയും കണ്ടെടുത്തിരുന്നു. കേസിനെ അതീവ ഗൗരവത്തോടെയാണ് വനം വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇന്നലെ രാത്രി തന്നെ ഇയാള്‍ക്കെതിരെ കേസെടുത്ത് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.